ഉറക്കമില്ലായ്മ നിരവധി ശാരീരിക, മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമാകാം
രാത്രിയില്‍ ഉറങ്ങാനാകുന്നില്ലേ
ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം വൈറ്റമിനുകൾ നല്ല ഭക്ഷണം, വ്യായാമം എന്നിവ പോലെ ആരോഗ്യകരമായ ജീവിതശൈലിക്ക് അത്യാവശ്യമായ കാര്യമാണ് നല്ല ഉറക്കം. . ഉയര്‍ന്ന രക്തസമ്മര്‍ദം, ഇന്‍സുലിന്‍ പ്രതിരോധം, പ്രമേഹം, അമിതവണ്ണം, ദുര്‍ബലമായ പ്രതിരോധശേഷി, പെട്ടെന്ന് ദേഷ്യം വരുന്നതുള്‍പ്പെടെയുള്ള പെരുമാറ്റ പ്രശ്നങ്ങള്‍ എന്നിങ്ങനെ പലതും ശരിയായ ഉറക്കം ലഭിക്കാത്തത് മൂലം ഉണ്ടാകാം.
ജോലി സ്ഥലത്തെ സമ്മര്‍ദം, ചില രോഗങ്ങള്‍ എന്നിങ്ങനെ ഉറക്കക്കുറവിലേക്ക് നയിക്കുന്ന കാരണങ്ങള്‍ പലതാണ്. എന്നാല്‍ പോഷണങ്ങളുടെ അഭാവം മൂലവും ഉറക്കമില്ലായ്മ സംഭവിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
ആവശ്യത്തിന് വൈറ്റമിനുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക വഴി ഇതിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കാവുന്നതാണ്. വൈറ്റമിനുകള്‍, ധാതുക്കള്‍, പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയെല്ലാം അടങ്ങിയ സന്തുലിത ഭക്ഷണക്രമം ശരീരത്തെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനൊപ്പം രാത്രിയില്‍ നന്നായി ഉറങ്ങാനും സഹായിക്കും.
ഇനി പറയുന്ന വൈറ്റമിനുകള്‍ ഭക്ഷണക്രമത്തിന്‍റെ ഭാഗമാക്കാന്‍ ശ്രദ്ധിക്കണം
ഓറഞ്ച്, നാരങ്ങ പോലുള്ള സിട്രസ് പഴങ്ങളില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ സി ആന്‍റിഓക്സിഡന്‍റുകളുടെ അക്ഷയഖനിയാണ്. ഈ ആന്‍റി ഓക്സിഡന്‍റുകള്‍ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ശരീരത്തിലെ വിഷാംശം അകറ്റുകയും ചെയ്യും. ഇവ ഉറക്കത്തിന്‍റെ ഗുണമേന്മ മെച്ചപ്പെടുത്താനും പകല്‍ സമയത്ത് ഉറക്കം തൂങ്ങാതിരിക്കാനും സഹായിക്കും.
ബ്രക്കോളി, കോളിഫ്ളവര്‍ തുടങ്ങിയവയും വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണവിഭവങ്ങളാണ്.
ആവശ്യത്തിന് വൈറ്റമിന്‍ ബി6 ലഭിക്കാതെ വന്നാല്‍ ശരീരത്തിന് ഉറക്കം വരുത്താന്‍ സഹായിക്കുന്നു മെലട്ടോണിന്‍, സെറോടോണിന്‍ തുടങ്ങിയ ഹോര്‍മോണുകളുടെ നിര്‍മാണം നിലയ്ക്കും. ഇത് ക്രമേണ ഉറക്കമില്ലായ്മയിലേക്ക് നയിക്കാം. നല്ല ഉറക്കത്തിന് വൈറ്റമിന്‍ ബി6 അടങ്ങിയ വാഴപ്പഴം, പീനട്സ്, ഓട്സ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ചിക്കന്‍, മീന്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം.
ഉറക്കത്തില്‍ കാണുന്ന സ്വപ്നങ്ങള്‍ ഓര്‍ത്തിരിക്കാനുള്ള ശേഷിയും വൈറ്റമിന്‍ ബി6 വര്‍ധിപ്പിക്കുമെന്ന് അഡ്‌ലെയ്ഡ് സര്‍വകലാശാല നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു.
വൈറ്റമിന്‍ ഇ
വൈറ്റമിന്‍ ഇ അടങ്ങിയ ബദാം, സൂര്യകാന്തി വിത്ത്, സൂര്യകാന്തി എണ്ണ, മത്തങ്ങ, ചീര തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ല ഉറക്കത്തെ സഹായിക്കും. സ്ലീപ് അപ്നിയ പോലുള്ള ഉറക്ക പ്രശ്നങ്ങളുള്ളവരില്‍ വൈറ്റമിന്‍ ഇ അഭാവം പലപ്പോഴും കാണപ്പെടുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
വൈറ്റമിന്‍ ഡി
നമ്മുടെ മൂഡ് നിയന്ത്രിക്കാനും ശരീരത്തിലെ നീര്‍ക്കെട്ടുകള്‍ ഒഴിവാക്കാനും വൈറ്റമിന്‍ ഡി സഹായകമാണ്. ഉറക്കത്തെ സഹായിക്കുന്ന കോശങ്ങളുടെ നിര്‍മാണത്തിനും ഇവ പ്രധാനമാണ്.
ഉറക്കത്തെയും ശരീരത്തിന്‍റെ സിര്‍കാഡിയന്‍ റിഥത്തെയും നിയന്ത്രിക്കുന്ന മെലട്ടോണിന്‍റെ ഉത്പാദനത്തിലും വൈറ്റമിന്‍ ഡി മുഖ്യ പങ്ക് വഹിക്കുന്നു. കൂണ്‍, സാല്‍മണ്‍, മത്തി, മുട്ടയുടെ മഞ്ഞക്കരു, പാല്‍, യോഗര്‍ട്ട് തുടങ്ങിയവയെല്ലാം ശരീരത്തില്‍ വൈറ്റമിന്‍ ഡി ലഭ്യമാക്കാന്‍ കഴിക്കേണ്ടതാണ്.
അറിവ് പകരുന്നത് നന്മയാണ് അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക. കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക