ആരോഗ്യത്തിന് ഹാനികരമായ നിറങ്ങളിൽ നീരാടി മിഠായികൾ; റെയ്ഡിൽ പിടികൂടിയത് തുണിയിൽ മുക്കുന്ന നിറംചേർത്ത മിഠായി; ഒരു ലക്ഷത്തോളം രൂപ പിഴ ചുമത്തി..!
ആരോഗ്യത്തിന് ഹാനികരമായ നിറങ്ങളിൽ നീരാടി മിഠായികൾ; റെയ്ഡിൽ പിടികൂടിയത് തുണിയിൽ മുക്കുന്ന നിറംചേർത്ത മിഠായി; ഒരു ലക്ഷത്തോളം രൂപ പിഴ ചുമത്തി..!
തുണിയിൽ മുക്കുന്ന നിറം ഉപയോഗിച്ച് മിഠായിയും! തിരൂരിൽ ബി.പി. അങ്ങാടി നേർച്ച ആഘോഷസ്ഥലത്ത് വിൽപ്പനയ്ക്കുവെച്ച മിഠായികളിൽ ആരോഗ്യത്തിന് ഹാനികരമായ നിറം ഉപയോഗിച്ചവ പിടികൂടി.
ഭക്ഷ്യസുരക്ഷാ വകുപ്പാണ് ചോക്ക് മിഠായി നിർമ്മാണകേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയത്. തുണികളിൽ മുക്കുന്ന റോഡമിൻ ബി എന്ന നിറപ്പൊടിയാണ് പിടികൂടിയത്. തിരൂരിൽ ഇത്തരം മിഠായി വിൽപ്പന പിടികൂടിയശേഷം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഇവയുടെ നിർമ്മാണശാലകളിലും പരിശോധന നടത്തി.
മലപ്പുറം ജില്ലാ ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ, തിരൂർ ഭക്ഷ്യസുരക്ഷാ ഓഫീസർ, പൊന്നാനി ഭക്ഷ്യസുരക്ഷാ ഓഫീസർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
ഈ സ്ഥാപനങ്ങൾക്ക് ഒരു ലക്ഷത്തോളം രൂപ പിഴ ചുമത്തി. സാമ്പിൾ കോഴിക്കോട് റീജണൽ അനലറ്റിക്കൽ ലാബിൽ പരിശോധനക്കയച്ചിട്ടുമുണ്ട്. എന്നാൽ ആരും ഇതേവരെ ഈ നിറം ഉപയോഗിച്ച് മിഠായി നിർമ്മിക്കരുതെന്ന് യാതൊരു മുന്നറിയിപ്പും തന്നിട്ടില്ലെന്നാണ് നിർമ്മാതാക്കൾ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
അതേസമയം, വായിലിട്ടാൽ പുക വരുന്ന ഭക്ഷ്യവസ്തുക്കൾ ജില്ലയിൽ നിരോധിച്ചു. ലിക്വിഡ് നൈട്രജനാണ് വെളുത്ത പുക നൽകുന്നത്. തിരൂർ പുതിയങ്ങാടി നേർച്ച നടക്കുന്ന സ്ഥലത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.
ഇത്തരം വസ്തുക്കൾ ഭക്ഷണത്തിൽ ഉൾപ്പെട്ടാൽ ആന്തരികാവയവങ്ങൾ പൊള്ളിപ്പോകാൻ സാധ്യത ഉണ്ട്. പുകയ്ക്കു കാരണം ലിക്വിഡ് നൈട്രജനാണെന്നു കണ്ടെത്തിയതോടെ കട പൂട്ടിച്ചു. സ്റ്റീൽ പാത്രത്തിൽ ശീതീകരിച്ച് സൂക്ഷിച്ച ലിക്വിഡ് നൈട്രജൻ പ്രത്യേക പൈപ്പ് ഉപയോഗിച്ച് എടുത്ത് വേഫർ ബിസ്കറ്റിലാക്കുന്നതോടെ ഇതിൽനിന്ന് പുക ഉയരും.